എന്തുകൊണ്ട് ഇപ്രകാരം സംഭവിക്കുന്നു..?
എന്റെ വീട്ടിൽ പോലും അച്ഛനും അമ്മയും ബാങ്കിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടം വാങ്ങുമ്പോൾ ഞാൻ പലപ്പോളും എതിര് പറയാറുണ്ട്. അപ്പോൾ വീട്ടുകാർ പറയുക,
കടം ഇല്ലാത്തവർ ആരാണ് ഉള്ളതെന്ന്.??
പക്ഷെ.. വരവിൽ കഴിഞ്ഞ് ചിലവ് ഉള്ളപ്പോൾ അത്യാവശ്യമല്ലാത്ത ആഗ്രഹങ്ങൾക്കായി കടം മേടിക്കുമ്പോൾ അത് മുൻപോട്ട് ഉണ്ടാക്കി വെക്കുന്ന കഷ്ടനഷ്ടങ്ങളെ കുറിച് ആരും ചിന്ദിക്കുന്നില്ല. പലരും ഇപ്പോൾ ഉള്ള ചെറിയ വീട് മാറ്റി വലിയ വീട് വെക്കാനും വണ്ടി വാങ്ങാനും നാൽപതും അൻപതും ലക്ഷങ്ങൾ ബാങ്ക് വായ്പ മേടിക്കുന്നു. പത്തു മുതൽ ഇരുപത് വർഷത്തേക്ക് തവണ വ്യവസ്ഥയിൽ മുതലും പലിശയും അടക്കം അടക്കാൻ ഉള്ള വായ്പ. കേൾക്കുമ്പോൾ ശരിയാണ്. അടക്കാൻ ഇരുപത് വർഷങ്ങൾ ഉണ്ടല്ലോയെന്ന് വിചാരിക്കും. ആ പണം തികയാതെ വരുമ്പോൾ കൈവശമുള്ള പൊന്നും കൂടി പണയം വെക്കും.
എന്നിട്ടോ...??
പലപ്പോളും മുതൽ അടക്കാൻ ആവാതെ പലിശ മാത്രം അടച്ചു ബാങ്കുകാരെ ആളുകൾ സമ്പന്നരാക്കുന്നു. എന്റെ വീട്ടിലെ ലോണുകളുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നും ബാങ്കിൽ അടച്ച പലിശ മാത്രം ഞാൻ ഒരു ദിവസം കണക്ക് കൂട്ടി നോക്കി. ഒരു വർഷം ഏതാണ്ട് രണ്ടു ലക്ഷം രൂപയിൽ അധികം അടച്ചിരിക്കുന്നു. ഇതേ പോലെ അവസാനം പലിശയും അടക്കാൻ ആവാതെ വലിയ പലിശയും കുടിശ്ശികയും വന്നു കടത്തിന്റെ കൂടായി നിൽക്കുമ്പോൾ മാനസികമായും സമാധാനം നഷ്ടപ്പെടുമ്പോളാകും ഇതൊന്നും വേണ്ടായിരുന്നു എന്ന് ചിന്തിക്കുക.
അപ്പോളായിരിക്കും പ്ലസ്ടു പഠനം കഴിഞ്ഞ് മക്കളുടെ തുടർപഠനത്തിനു ലക്ഷങ്ങൾ ആവശ്യമായി വരുന്ന സമയം. അതല്ലങ്കിൽ മകളുടെ കല്യാണം.
ആധാരം ബാങ്കിൽ ഇരിക്കെ പിന്നീട് ലോൺ എടുക്കാൻ വസ്തുവകകൾ ഒന്നുമില്ലാത്ത സാധാരണക്കാർക്ക് ഇവിടെയൊക്കെയാണ് ജീവിതത്തിന്റെ താളം തെറ്റുക. നന്നായി പഠിക്കുന്ന മക്കൾ ആയാൽ പോലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും അച്ഛന്റെയും അമ്മയുടെയും കൂലിപ്പണിയും കഷ്ടപ്പാടും മനസ്സിലാക്കി നല്ല എന്തെങ്കിലും കോഴ്സ് പഠിക്കേണ്ട മക്കൾ പഠനം അവിടെ അവസാനിപ്പിക്കേണ്ടതോ അതല്ലങ്കിൽ ഏതെങ്കിലും തുക്കടാ കോഴ്സോ പഠിക്കേണ്ട അവസ്ഥക്ക് അവിടെ തുടക്കമായി.
പക്ഷെ.. പാവം അച്ഛനും അമ്മയും ആ മക്കളെ നല്ല ഏതെങ്കിലും കോഴ്സ് പഠിപ്പിച്ചു അവരെ സപ്പോർട്ട് ചെയ്‌താൽ, മക്കൾക്ക് ജോലി കിട്ടി, മക്കളുടെ ജീവിതം വിജയിക്കുന്നതിനോടൊപ്പം വീടും രക്ഷപെടും ഞങ്ങളുടെ കഷ്ടപ്പാടും മാറുമെന്ന് അവർ വിചാരിക്കുന്നില്ലാത്തതാണ് നാട്ടിൽ പുറങ്ങളിൽ മിക്ക കുടുംബങ്ങളിലും സംഭവിക്കുന്ന പാളിച്ച.
ഇവിടെയെല്ലാം വില്ലനായി നിൽക്കുക കടം മാത്രമാണ്. ഇതിനിടയിൽ ഒരു ആശുപത്രി കേസ് കൂടി വന്നാൽ എല്ലാം ശുഭമാകും. പിന്നെ കുടുംബത്തിന്റെ അടിത്തറ ഇളകിമറിഞ്ഞു എന്ന് കരുതിയാൽ മതി.
അതുകൊണ്ട്.. വീടും കാറും എല്ലാം മേടിക്കാം. അത് നിത്യമായ ഒരു വരുമാനം ആക്കിയതിനു ശേഷം മാത്രം. മക്കളുടെ നല്ല വിദ്യാഭ്യാസം ഉറപ്പാക്കിയതിനു ശേഷം മാത്രം.
അതല്ലങ്കിൽ കടം മേടിച്ചു കടം മേടിച്ചു സ്വന്തം ജീവിതം കഷ്ടപ്പാടും അധ്വാനവും മാത്രമായത് പോലെ മക്കളുടെയും ജീവിതം അങ്ങനെയാകും എന്ന് ഓരോ മാതാപിതാക്കാളും ഓർക്കുക.
ഏതൊരു കുടുംബത്തിന്റെയും അടിത്തറ ഇളകുന്നത്തിന്റെ പ്രധാന കാരണം മാറാരോഗവും ചികിത്സയുമാണ്. രണ്ടാമത് മാറാദുശീലം. മൂന്നാമത്തേത് കടം...
ഓർക്കുക. ഒരു രൂപ പോലും കടം വാങ്ങുമ്പോൾ സൂക്ഷിക്കുക. അറിയാതെ ആണെങ്കിലും നമ്മൾ വിളിച്ചു വരുത്തുന്ന വില്ലനാണു കടം.
ഒരു സാധാരണക്കാരന്റെ കുടുംബത്തിന് ജീവിക്കാൻ അടച്ചുറപ്പും ഭംഗിയുള്ള ഒരു വീടിന്റെ ആവശ്യമേയുള്ളൂ. അത്തരത്തിലുള്ള ഒരു വീടിന്റെ പടമാണ് ചുവടെ കൊടുത്തിരിക്കുന്നത്. മുറ്റത്ത് ഇട്ടിരിക്കുന്ന ഇന്റർലോക്ക് ഒഴിവാക്കിയാൽ ഏകദേശം 8 ലക്ഷം രൂപക്ക് ഉള്ളിൽ ഇത് പോലെ അടച്ചുറപ്പുള്ള ബംഗിയുള്ള നല്ലൊരു വീട് നിർമിക്കാൻ ആകും. ലക്ഷങ്ങൾ കടം വരുത്തി വലിയ മണിമാളിക കെട്ടിപോകുന്നതിലും നല്ലത് ഇങ്ങനെയൊരു വീട് വെച്ച് കടങ്ങൾ ഇല്ലാതെ സ്വസ്ഥമായി ജീവിക്കുന്നതാണ്..
ഇത്തരത്തിലുള്ള വീടിന്റെ ഗുണങ്ങൾ
1. വാർപ്പ് വീടിനെക്കാളും ഈട് നിക്കുന്നതാണ് ഓടിട്ട വീട്. (ചോർച്ച ഉണ്ടാവില്ലാ)
2. കഴിക്കോൽ, പട്ടിക ഉത്തരം ഇവയെല്ലാം സ്റ്റീൽ ആയതിനാൽ ഇടക്ക് മേൽക്കൂര പൊളിച്ചു പണിയേണ്ട ആവശ്യമില്ല.
3. വാർപ്പ് വീടിന്റെ അത്രയും ചൂട് ഇല്ല. വീടിനു അകത്തു തണുപ്പ് നിലനിൽക്കും.
4. പ്രകൃതിയോട് ഇണങ്ങിയതാണ്.
5. കുറഞ്ഞ ചിലവിൽ അതിവേഗം നിർമാണം പൂർത്തിയാക്കാം.
കടപ്പാട് - വീടിന്റെ ചിത്രം. ചിത്രത്തിലെ വീടിന്റെ ഉടമ Latheesh Kaitheri | ®മെബി
------------------------------------------

0 Comments